ബ്രഹ്മോസിന് മുന്നില്‍ ചൈനീസ് മിസൈല്‍ പ്രതിരോധം ഒന്നുമല്ലാതായി, ഓപ്പറേഷൻ സിന്ദൂര്‍ പാകിസ്ഥാനെ തുറന്നുകാട്ടി: അമിത് ഷാ

  • 18/05/2025

ഓപ്പറേഷൻ സിന്ദൂറില്‍ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകർത്തത് തീവ്രവാദത്തിന് അഭയം നല്‍കുന്നില്ലെന്ന പാകിസ്ഥാന്റെ ദീർഘകാല നിഷേധത്തെ തുറന്നുകാട്ടുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ ലക്ഷ്യം വെച്ചപ്പോള്‍, ചൈനയില്‍ നിന്ന് കടമെടുത്ത അവരുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ പ്രദേശത്തേക്ക് 100 കിലോമീറ്റർ കടന്നുകയറി പാകിസ്ഥാനിലെയും പി‌ഒ‌കെയിലെയും തീവ്രവാദ കേന്ദ്രങ്ങളെ തകർത്തു. മുമ്ബ് അജയ്യമെന്ന് കരുതിയിരുന്ന സ്ഥലങ്ങളില്‍ നമ്മുടെ വ്യോമസേന കൃത്യമായ ആക്രമണങ്ങള്‍ നടത്തി. അതിർത്തി സുരക്ഷയുടെ ചരിത്രം രേഖപ്പെടുത്തുമ്ബോള്‍ ഓപ്പറേഷൻ സിന്ദൂർ സുവർണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ ഉള്ളിലുള്ള പ്രദേശങ്ങളെ ലക്ഷ്യം വച്ചായിരുന്നു. പാകിസ്ഥാൻ സ്വന്തം മണ്ണില്‍ ഇല്ലെന്ന് അവകാശപ്പെട്ട തീവ്രവാദികളെ ഇന്ത്യൻ മിസൈലുകള്‍ തകർത്തപ്പോള്‍ പാകിസ്ഥാൻ ആഗോളതലത്തില്‍ തുറന്നുകാട്ടപ്പെട്ടു. ഇന്ത്യ ഇല്ലാതാക്കിയ ഭീകരരുടെ സംസ്കാര ചടങ്ങില്‍ പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയും പ്രാർത്ഥനകള്‍ നടത്തുകയും ചെയ്തത് പാകിസ്ഥാനും അതിന്റെ സൈന്യവും തീവ്രവാദവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വെളിപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു. 

Related News