വിളക്കുകള്‍ ചാക്കിട്ട് മൂടി, സോളാര്‍ വിച്ഛേദിച്ചു; പാക് സംഘര്‍ഷത്തിനിടെ ബനസ്‌കന്ദയിൽ നടക്കുന്നത്

  • 12/05/2025

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷമുയർന്ന ഇന്ത്യ പാകിസ്ഥാൻ സംഘർഷം അതിർത്തി പ്രദേശങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഗുജറാത്തിന്റെ അന്താരാഷ്ട്ര അതിർത്തി ജില്ലയായ ബനസ്‌കന്ദയിലെ ജനങ്ങള്‍ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ബ്ളാക്ക് ഔട്ട് പ്രോട്ടോക്കോള്‍ പാലിക്കുന്നത്. പാകിസ്ഥാനുമായി വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഗ്രാമവാസികള്‍ ഇപ്പോഴും പ്രോട്ടോക്കോളുകള്‍ പാലിക്കുകയാണ്. 

കല്യാണം പോലുള്ള ആഘോഷങ്ങളില്‍ വെളിച്ചം ഒഴിവാക്കിയാണ് ബ്ളാക്ക് ഔട്ട് പാലിക്കുന്നത്. നിശബ്ദമായ വിവാഹഘോഷങ്ങളില്‍ വെളിച്ചം തനിയെ പരക്കുന്നത് തടയാൻ സോളാർ പാനലുകള്‍ പോലും വിച്ഛേദിക്കുന്നു. പരമ്ബരാഗത രീതികള്‍ ഒഴിവാക്കി സംഗീതമോ രാത്രികാല ആഘോഷങ്ങളോ വലിയ ആള്‍ക്കൂട്ടങ്ങളോയില്ലാതെ വളരെ മിതമായ രീതിയിലാണ് പ്രദേശവാസികള്‍ വിവാഹം പോലുള്ള ആഘോഷങ്ങള്‍ നിലവില്‍ നടത്തുന്നത്. തെരുവ് വിളക്കുകളില്‍ ചാക്കുകള്‍ കൊണ്ട് മൂടിയും വെളിച്ചം തടയുന്നുണ്ട്.

'രാജ്യത്തിലെ നിലവിലെ സാഹചര്യം നമ്മള്‍ മനസിലാക്കുന്നു. നമ്മുടെ കടമകളും വ്യക്തമായി മനസിലാക്കുന്നു. രാത്രികാല ആഘോഷങ്ങള്‍ ഒഴിവാക്കാനാണ് ഗ്രാമവാസികള്‍ ഒന്നടങ്കം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, ആഘോഷങ്ങളില്‍ ബാൻഡ് മേളങ്ങളോ ഘോഷയാത്രകളോ ഡിജെയോ ഉണ്ടായിരിക്കില്ല. ഒഴിവാക്കാനാവാത്ത ആചാരങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക'- ഗ്രാമവാസിയായ ഒരാള്‍ വ്യക്തമാക്കി.

Related News