വിനോദസഞ്ചാരികളും സന്ദര്‍ശകരും കുവൈത്തില്‍ ചെലവാക്കുന്ന തുകയിൽ വൻ കുതിച്ചുച്ചാട്ടം

  • 07/05/2025



കുവൈത്ത് സിറ്റി: വിനോദസഞ്ചാരികളും സന്ദര്‍ശകരും കുവൈത്തില്‍ ചെലവാക്കുന്ന തുകയിൽ വൻ കുതിച്ചുച്ചാട്ടം. മൊത്തം ചെലവ് 692.5 ദശലക്ഷം കുവൈത്തി ദിനാർ (ഏകദേശം 2.3 ബില്യൺ ഡോളർ) ആയി ഉയർന്നു. ഇത് മുൻ വർഷത്തേക്കാൾ 30 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. ആഭ്യന്തര ടൂറിസം പുനരുജ്ജീവിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിനോദോപാധികൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സർക്കാർ തന്ത്രങ്ങളുടെ ഫലപ്രാപ്തിയാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്. വിദേശ സന്ദർശകർക്കുള്ള വിസ നടപടിക്രമങ്ങളിലെ സമീപകാല ഇളവുകളുടെ സ്വാധീനവും ഇതിൽ പ്രതിഫലിക്കുന്നു. 

2023-ൽ വിദേശ വിനോദസഞ്ചാരികൾ 533.3 ദശലക്ഷം കുവൈത്തി ദിനാർ ചെലവഴിച്ച സ്ഥാനത്താണ് ഈ വർഷത്തെ വലിയ വർദ്ധനവ്. 2024 ലെ സ്ഥിരമായ വളർച്ചയുടെ പ്രധാന കാരണം നാലാം പാദത്തിലെ ശക്തമായ മുന്നേറ്റമാണ്. ഈ സമയം ചെലവ് 186.8 ദശലക്ഷം കുവൈത്തി ദിനാറായി ഉയർന്നു. ഇത് വർഷത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ കണക്കുകളാണ്. കുവൈത്ത് വിജയകരമായി ആതിഥേയത്വം വഹിച്ച ഗൾഫ് കപ്പ് ആണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം. വിനോദസഞ്ചാരികൾ അവരുടെ താമസ ദൈർഘ്യം വർദ്ധിപ്പിക്കുകയും ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, സേവനങ്ങൾ എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കുകയും ചെയ്യുന്നു.

Related News