പഹല്‍ഗാം ഭീകരാക്രമണം; രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാസമിതി യോഗം ഇന്ന്

  • 29/04/2025

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാസമിതി യോഗം ഇന്ന് ചേരും. സഖ്യകക്ഷി നേതാക്കള്‍ കൂടിയുള്ള രാഷ്ട്രീയകാര്യ സമിതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി വിശദീകരിക്കും. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും ഇന്ന് യോഗം ചേർന്നേക്കും.

തിരിച്ചടി എങ്ങനെ എന്ന് സേനകള്‍ക്ക് തീരുമാനിക്കാമെന്ന് ഇന്നലെ പ്രധാനമന്ത്രി സേന മേധാവിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അന്തരീക്ഷം തണുപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി അൻറോണിയോ ഗുട്ടെറസ് ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടു. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഉൻമുലനം ചെയ്യുമെന്ന് എസ് ജയശങ്കർ ഗുട്ടെറസിനോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഉടൻ ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനകള്‍ക്കിടെ ജമ്മു കാശ്മീരില്‍ കനത്ത ജാഗ്രത തുടരുന്നു. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. ശ്രീനഗർ, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജാഗ്രത.

Related News