8 ചീറ്റകള്‍ കൂടി ഇന്ത്യയിലേക്ക്, നാലെണ്ണം ബോട്സ്വാനയില്‍ നിന്ന്; ചീറ്റ പദ്ധതിക്കായി ഇതുവരെ ചെലവാക്കിയത് 112 കോടി

  • 19/04/2025

എട്ട് ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനം. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നിവിടങ്ങളില്‍ നിന്ന് ചീറ്റകളെ കൊണ്ടുവരാനാണ് നീക്കം. രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുക. 

ഭോപ്പാലില്‍ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പങ്കെടുത്തു. യോഗത്തിന് ശേഷം ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ‌ടി‌സി‌എ) ഉദ്യോഗസ്ഥരാണ് കൂടുതല്‍ ചീറ്റകളെ എത്തിക്കാനുള്ള പദ്ധതിയെ കുറിച്ച്‌ വിവരം നല്‍കിയത്.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നാണ് എൻ‌ടി‌സി‌എ അറിയിച്ചത്. മെയ് മാസത്തോടെ ബോട്‌സ്വാനയില്‍ നിന്ന് നാല് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ട്. ഇതിനുശേഷം വേറെ നാല് ചീറ്റകളെ കൂടി കൊണ്ടുവരും. ഇന്ത്യയും കെനിയയും തമ്മില്‍ ഇത് സംബന്ധിച്ച്‌ വൈകാതെ കരാറിലെത്തുമെന്ന് എൻ‌ടി‌സി‌എ അറിയിച്ചു.

ചീറ്റ പദ്ധതിക്കായി രാജ്യത്ത് ഇതുവരെ 112 കോടിയിലധികം രൂപ ചെലവഴിച്ചതായി എൻ‌ടി‌സി‌എ ഉദ്യോഗസ്ഥർ പറഞ്ഞു. അതില്‍ 67 ശതമാനം മധ്യപ്രദേശിലെ ചീറ്റ പുനരധിവാസത്തിനായി ചെലവഴിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രൊജക്റ്റ് ചീറ്റയ്ക്ക് കീഴില്‍ ഗാന്ധി സാഗർ സങ്കേതത്തില്‍ ചീറ്റകളെ ഘട്ടം ഘട്ടമായി മാറ്റി പാർപ്പിക്കും. രാജസ്ഥാന്റെ അതിർത്തിയോട് ചേർന്നാണ് ഈ സങ്കേതം, അതിനാല്‍ മധ്യപ്രദേശും രാജസ്ഥാനും തമ്മില്‍ അന്തർസംസ്ഥാന ചീറ്റ സംരക്ഷണ മേഖല സ്ഥാപിക്കുന്നതിന് തത്വത്തില്‍ കരാറില്‍ എത്തിയിട്ടുണ്ടെന്ന് എൻ‌ടി‌സി‌എ അറിയിച്ചു. 

Related News