കുവൈത്ത് എയർവേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാർ: യാത്രക്കാർ സുരക്ഷിതർ

  • 08/11/2025


കുവൈത്ത് സിറ്റി: സാങ്കേതിക തകരാർ കാരണം കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി. കുവൈത്ത് എയർവേയ്‌സിൻ്റെ ഫിലിപ്പീൻസിലേക്ക് പോകേണ്ടിയിരുന്ന KU417 ഫ്ലൈറ്റിന് കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് സാങ്കേതിക തകരാർ സംഭവിച്ചതായി സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജി അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4:24-ന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. വിമാനം നീങ്ങുന്നതിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിൽ ഒരു അടിയന്തര സാങ്കേതിക തകരാർ ഉണ്ടായതാണ് സംഭവത്തിന് കാരണം.

വിമാനത്തിൽ 284 യാത്രക്കാർ ഉണ്ടായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ ആർക്കും പരിക്കേറ്റിട്ടില്ല. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്തിൻ്റെ ബോഡിക്ക് മാത്രമാണ് ചെറിയ കേടുപാടുകൾ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. അംഗീകൃത നടപടിക്രമങ്ങൾ അനുസരിച്ച് ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധര്‍ ഉടൻ തന്നെ സാഹചര്യം കൈകാര്യം ചെയ്യാൻ തുടങ്ങി. സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ സാങ്കേതിക പരിശോധനകൾ നടത്തുകയും ചെയ്തു. തുടർന്ന്, യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനായി പകരമുള്ള വിമാനം ക്രമീകരിക്കുകയും അത് ഉച്ചയ്ക്ക് 12:20 ന് പുറപ്പെടുകയും ചെയ്തു.

Related News