കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നിർദ്ദേശം; സംശയകരമായ ഇടപാടുകൾ നിരീക്ഷിക്കണമെന്ന് എക്സ്ചേഞ്ച് കമ്പനികൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം

  • 29/09/2025



കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ കണ്ടെത്തുന്നതിനും മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനുമായി എക്സ്ചേഞ്ച് കമ്പനികൾക്ക് മുന്നറിയിപ്പ് അടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് (FIU). കുവൈത്ത് സെൻട്രൽ ബാങ്ക് വഴിയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കുലേറ്റ് ചെയ്തത്.

ഒരു ഉപഭോക്താവിൻ്റെ വരുമാനം, ജോലി, അല്ലെങ്കിൽ പ്രഖ്യാപിത ബിസിനസ്സ് എന്നിവയുമായി പൊരുത്തപ്പെടാത്ത വലിയ മൂല്യമുള്ളതോ ആവർത്തിച്ചുള്ളതോ ആയ ഇടപാടുകൾ നിരീക്ഷിക്കണമെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ ഊന്നിപ്പറയുന്നു.

ഫണ്ടിന്റെ ഉറവിടം കൃത്യമായി നിരീക്ഷിക്കണം. വലിയതോ ആവർത്തിച്ചുള്ളതോ ആയ കൈമാറ്റങ്ങളിൽ ഉപഭോക്താക്കൾ ഫണ്ടിൻ്റെ ഉറവിടം വ്യക്തമായി വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്. വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിക്കുക, അവ്യക്തമായ മറുപടികൾ നൽകുക, അല്ലെങ്കിൽ വ്യാപാരപരമായ ന്യായീകരണങ്ങളില്ലാതെ ഇടപാടുകളുടെ അളവിലും ആവൃത്തിയിലും പെട്ടെന്ന് വർദ്ധനവുണ്ടാവുക എന്നിവ സംശയകരമായ പെരുമാറ്റത്തിൻ്റെ പ്രധാന സൂചകങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൂടാതെ, ഉയർന്ന അപകടസാധ്യതയുള്ളതോ ഉപരോധമുള്ളതോ ആയ പ്രദേശങ്ങൾ, സംഘർഷമേഖലകൾ, രഹസ്യസ്വഭാവത്തിന് പേരുകേട്ട ഓഫ്‌ഷോർ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെട്ട ഇടപാടുകളെക്കുറിച്ച് എക്സ്ചേഞ്ച് കമ്പനികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കം.

Related News