ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു

  • 01/08/2025

റായ്പുർ: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഢിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻ.ഐ.എ. കോടതി ഇന്ന് വിധി പറയും. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

കഴിഞ്ഞ ദിവസം വാദം പൂർത്തിയായപ്പോൾ, അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തിരുന്നു. അതേസമയം, കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ, കേസിലെ പ്രധാന കുറ്റങ്ങളായ മനുഷ്യക്കടത്തും മതപരിവർത്തനവും നിലനിൽക്കില്ലെന്ന് വാദിച്ചു. കൂടെയുണ്ടായിരുന്ന യുവതികൾക്ക് ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള പൂർണ്ണമായ രേഖകളുണ്ടെന്നും, യുവതികളിൽ ഒരാൾ അഞ്ചാം വയസ്സിൽ തന്നെ മതം മാറിയതാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷയിൽ കോടതി ഇന്ന് എടുക്കുന്ന തീരുമാനം ഉറ്റുനോക്കുകയാണ് കന്യാസ്ത്രീകളുടെ കുടുംബവും പ്രതിഷേധക്കാരും. നേരത്തെ, ദുർഗ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കേസ് എൻ.ഐ.എ. കോടതിയുടെ പരിഗണനയ്ക്ക് വന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.

Related News