മനുഷ്യക്കടത്ത് ആരോപിച്ച്‌ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

  • 30/07/2025

മനുഷ്യക്കടത്ത് ആരോപിച്ച്‌ രജിസ്റ്റർ ചെയ്ത കേസില്‍ രണ്ട് കന്യാസ്ത്രീകളെ തൃശൂർ അഡീഷണല്‍ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. റെയില്‍വേ പോലീസ് 2021-ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവുണ്ടായത്.ഝാർഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചതാണ് കേസിന് ആധാരം.

തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്സില്‍ മൂന്ന് പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ കടത്തിക്കൊണ്ടുവന്നെന്ന പരാതിയെ തുടർന്നാണ് നടപടി എടുത്തിരുന്നത്. റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന സിഡബ്ല്യുസി ഡസ്കിന് നല്‍കിയ പരാതി റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.

ഐപിസി 370 ഉള്‍പ്പെടെ മനുഷ്യക്കടത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടികളെ അവരുടെ സമ്മതത്തോടെയും രക്ഷിതാക്കളുടെ സമ്മതത്തോടെയും കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വീട്ടുജോലിക്കെന്ന വ്യാജേനെയാണ് പെണ്‍കുട്ടികളെ കൊണ്ടുവന്നതെന്നായിരുന്നു പരാതി നല്‍കിയ ആളുടെ ആരോപണം.

വിചാരണ വേളയില്‍ ബലപ്രയോഗം, ലൈംഗികമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ ചൂഷണം അല്ലെങ്കില്‍ നിർബന്ധിത തൊഴില്‍ എന്നിവയ്ക്ക് തെളിവുകളൊന്നും ഹാജരാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related News