ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; എസ്‌ഐടി അന്വേഷണം തുടങ്ങി

  • 25/07/2025

ധർമസ്ഥലയില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബെല്‍ത്തങ്ങാടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കും. സംഘം വെള്ളിയാഴ്ച വൈകിട്ട് മംഗളൂരുവില്‍ എത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ഡിഐജി എം.എൻ അനുചേത്, വെസ്റ്റേണ്‍ റേഞ്ച് ഐജി അമിത് സിങ് ഉള്‍പ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. എസ്‌ഐടി പ്രവർത്തനങ്ങള്‍ക്ക് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യല്‍ ക്വാർട്ടേഴ്‌സിലാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്.

കെട്ടിടം ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെങ്കിലും മതിയായ സ്ഥലവും പൊലീസ് സ്റ്റേഷൻ സാമീപ്യവും അന്വേഷണ ആവശ്യങ്ങള്‍ക്ക് സൗകര്യവും സുരക്ഷയും അനുയോജ്യമാണെന്ന് കണക്കാക്കുന്നു. നേരത്തെ മംഗളൂരുവില്‍ എസ്‌ഐടി ഓഫീസ് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും, ധർമസ്ഥലയില്‍ നിന്നുള്ള 75 കിലോമീറ്റർ ദൂരം അന്വേഷണത്തിന്റെ വേഗതക്കും കാര്യക്ഷമതക്കും തടസ്സമാവുമെന്ന അഭിപ്രായം ഉയർന്നു. ഇതേതുടർന്നാണ് എസ്‌ഐടിയുടെ പ്രവർത്തനം ബെല്‍ത്തങ്ങാടിയില്‍ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.

ഈ മാസം 19നാണ് കർണാടക സർക്കാർ ഡയറക്ടർ ജനറല്‍ ഓഫ് പൊലീസ് (ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷൻ) പ്രണവ് മൊഹന്തിയുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപവത്കരിച്ചത്. ഡിഐജി (റിക്രൂട്ട്മെന്റ് ഡിവിഷൻ) എം.എൻ അനുചേത്, ഡിസിപി (സിഎആർ സെൻട്രല്‍) സൗമ്യ ലത, എസ്പി (ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷൻ) ജിതേന്ദ്ര കുമാർ ദയാമ എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങള്‍. ഇതില്‍ സൗമ്യലത പിന്മാറിയിരുന്നു. ദക്ഷിണ കന്നട, ഉത്തര കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ 20 പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി എസ്‌ഐടി വിപുലീകരിച്ചിട്ടുണ്ട്.

Related News