പെണ്‍കുട്ടിയുടെ സൗഹൃദം ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ല; ഡല്‍ഹി ഹൈക്കോടതി

  • 25/07/2025

ആണ്‍കുട്ടിയുമായുള്ള പെണ്‍കുട്ടിയുടെ സൗഹൃദം ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കാണരുതെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള പ്രതിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുമായുള്ള ലൈംഗിക ബന്ധത്തില്‍ സമ്മതം പോലും നിയമപരമല്ലെന്നും ജസ്റ്റിസ് ഗിരീഷ് കത്പാലിയ ജൂലൈ 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

'പ്രതി തന്റെ സംസാരത്തിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനമാക്കി ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്ന് വിലയിരുത്താന്‍ ആകില്ല. പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതിയുടെ ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തെക്കുറിച്ച്‌ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്' എന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഡല്‍ഹി വികാസ് പുരിയില്‍ 2023 ഏപ്രിലില്‍ നടന്ന സംഭവമാണ് കേസിന് ആധാരം. നിര്‍മ്മാണ തൊഴിലാളിയായ വ്യക്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയും തുടര്‍ന്ന് അവളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആരോപണത്തില്‍ പറയുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്നും ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെ ആയിരുന്നു എന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.

Related News