എയര്‍ ഇന്ത്യ എക്സ്പ്രസിലെ എയര്‍ സ്പീഡ് ഇന്റിക്കേറ്ററില്‍ സാങ്കേതിക തകരാര്‍; 160 യാത്രക്കാരെ ടേക്ക് ഓഫിനു മുൻപേ പുറത്തിറക്കി

  • 23/07/2025

ഇന്നലെ വൈകുന്നേരം ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്നും ടേക്ക് ഓഫിന് മുൻപേ യാത്രക്കാരെ പുറത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ടേക്ക് ഓഫ് നിർത്തി വച്ചത്. 160 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ദില്ലിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ ജീവനക്കാർ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ടേക്ക് ഓഫ് റിജെക്‌ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. കോക്ക്പിറ്റിലെ സ്പീഡ് പാരാമീറ്ററുകള്‍ ദൃശ്യമാകുന്ന സ്‌ക്രീനുകളിലുണ്ടായ തകരാർ മൂലമാണ് പൈലറ്റ് ടേക്ക് ഓഫ് റിജക്‌ട് ചെയ്തതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.

അതേ സമയം, ഈ വിമാനത്തിലെ യാത്രക്കാരെ ഇറക്കി മറ്റൊരു വിമാനത്തിലേക്ക് കയറ്റിയതായും അത് മുംബൈയിലേക്ക് പുറപ്പെട്ടതായും അവർ കൂട്ടിച്ചേ‍ർത്തു. സുരക്ഷാ മാനദണ്ഡങ്ങളിലൂന്നിയെടുത്ത തീരുമാനത്തില്‍ യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

Related News