നാടകകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കല കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി നാടക മത്സരം സംഘടിപ്പിക്കുന്നു.

  • 16/07/2025

കുവൈറ്റ് സിറ്റി: കേരള നവോത്ഥാനചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച, ജാതീയമായ ചേരിതിരിവുകൾക്കും മതപരമായ വിശ്വാസങ്ങൾക്കുമപ്പുറം നമ്മളെല്ലാം മനുഷ്യരാണ് എന്ന അടിസ്ഥാനബോധത്തിലേക്ക് മലയാളിയെ നയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച കലാരൂപമായ നാടകകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി നാടക മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടക്കുന്ന ഈ നാടക മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതിയുടെയും വിവിധ സബ്കമ്മറ്റികളുടെയും രൂപീകരണം നടന്നു. അബ്ബാസിയ കല സെന്ററിൽ വച്ച് ആക്റ്റിംഗ് പ്രസിഡന്റ്‌ പ്രവീൺ പി വിയുടെ അധ്യക്ഷതയിൽ നടന്ന ഈ യോഗത്തിൽ ആക്ടിങ്ങ് സെക്രട്ടറി പ്രസീദ് കരുണാകരൻ മത്സര നടത്തിപ്പിനെ പറ്റി വിശദീകരിച്ചു. അതേ തുടർന്ന് 75 അംഗ സംഘാടക സമിതിക്ക് രൂപം കൊടുക്കുകയും ഇതിന്റെ ജനറൽ കൺവീനറായി സണ്ണി ഷൈജേഷിനെയും കൺവീനറായി അനിൽകുമാറിനെയും തെരഞ്ഞെടുത്തു. സബ് കമ്മിറ്റി കൺവീനർമാരായി, രജിസ്ട്രേഷൻ - അജിത്ത് പട്ടമന, സ്റ്റേജ് - മനോജ്‌ ഹവല്ലി, ഫൂഡ് - ഷാനവാസ്‌, വളണ്ടിയർ - ബിജേഷ് പയ്യത്ത്, സ്റ്റേഷനറി - വിനോദ് കുമാർ, ജഡ്ജസ് - പി ആർ കിരൺ, റിസൾട്ട്‌ - ജോർജ്ജ് തൈമണ്ണിൽ, സമ്പത്തീകം - ജിജുലാൽ, പബ്ലിസിറ്റി - മജിത് കോമത്ത്, ട്രോഫി & സർട്ടിഫിക്കറ്റ് - നിസാർ കൊയിലാണ്ടി എന്നിവരെയും ചുമതലപ്പെടുത്തി.


കല കുവൈറ്റ് ട്രഷറർ സുരേഷ് പി ബി സ്വാഗതം ആശംസിച്ച യോഗത്തിന് സംഘാടക സമിതി കൺവീനർ അനിൽകുമാർ നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി നാടകപ്രേമികൾ ഈ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ അബ്ബാസിയ കല സെന്ററിൽ എത്തിച്ചേർന്നു.

Related News