നിമിഷപ്രിയയുടെ മോചനം; യമനില്‍ മതപണ്ഡിതന്‍ ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ സുപ്രധാന യോഗം

  • 14/07/2025

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനില്‍ മതപണ്ഡിതന്‍ ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍. യെമന്‍ ഭരണകൂട പ്രതിനിധികള്‍, ഗോത്ര തലവന്‍മാര്‍, കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ചര്‍ച്ച.

നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ ഷെയ്ഖിന്റെ സേവനം ഉപയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നോര്‍ത്ത് യെമനിലാണ് ചര്‍ച്ച നടക്കുന്നത്. ദയാധനത്തിന് പകരമായി മാപ്പ് നല്‍കി വധശിക്ഷയില്‍നിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ മുന്നോട്ടു വച്ചിരിക്കുന്നത്. യെമനില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ഫലപ്രദമാകാത്ത സാഹചര്യമാണ്.

യമന്‍ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.

Related News