അഹമ്മദാബാദ് വിമാന ദുരന്തത്തിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രാഥമിക കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്നും വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു.
അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് 260 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമെന്ന സൂചനകളാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
'പ്രാഥമിക റിപ്പോര്‍ട്ടിനെ കുറിച്ച് ഇപ്പോള്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരേണ്ടതില്ല. അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ നമുക്ക് കാത്തിരിക്കാം. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരും ജീവനക്കാരുമാണ് നമ്മുടെത്. അവര്‍ വ്യോമയാന മേഖലയുടെ നട്ടെല്ലാണ്. രാജ്യത്തെ പൈലറ്റുമാരും ജീവനക്കാരും നടത്തുന്ന എല്ലാ ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്, പൈലറ്റുമാരുടെ ക്ഷേമത്തിന് ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ നമുക്ക് ഒരു നിഗമനത്തിലും എത്തിച്ചേരാതെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കാം,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പിഴവുകള്‍ പൈലറ്റിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് പൈലറ്റ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിലെ രഹസ്യ സ്വഭാവം ആശ്ചര്യപ്പെടുത്തുന്നുവെന്നും വിവരശേഖരണത്തിന് യോഗ്യരായവരെ നിയോഗിച്ചില്ലെന്നും അസോസിയേഷന്‍ ആരോപിച്ചു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ശക്തമായി അപലപിക്കുന്നുവെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?