'ഞാനാണ് അത് ചെയ്തത്, ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കത്തിച്ച്‌ കുഴിച്ചുമൂടി'; കര്‍ണാടകയെ ഞെട്ടിച്ച്‌ വെളിപ്പെടുത്തല്‍

  • 05/07/2025

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ച്‌ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 1998നും 2014നും ഇടയിലായിരുന്നു സംഭവം.

സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ധര്‍മ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച്‌ കുഴിച്ചുമൂടിയതെന്ന് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ധര്‍മസ്ഥല പൊലീസ് പറഞ്ഞു. തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യപ്പെട്ട അദ്ദേഹം തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതിന്റെ ഫോട്ടോകളും അദ്ദേഹം പൊലീസിന് നല്‍കി.

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പ് കുടുംബത്തോടൊപ്പം ധര്‍മ്മസ്ഥല വിട്ടതായും ദിവസവും കൊല്ലപെടുമെന്ന ഭയം തന്നെ വേട്ടയാടിയതായും അദ്ദേഹം പറയുന്നു. 'ദലിത് കുടുംബത്തില്‍ ജനിച്ച ഞാന്‍ 1995 മുതല്‍ 2014 ഡിസംബര്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു.

അതിനുമുന്‍പ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തില്‍ താന്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു, അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു.

Related News