'ഹോട്ടല്‍ തുറന്നത് 2016ല്‍, സംഭവം നടന്നത് 2012ലും'; രഞ്ജിത്തിനെതിരെയുള്ള പീഡന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

  • 04/07/2025

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്റേതാണ് വിധി. ആരോപണ വിധേയമായ സംഭവം നടന്നതായി പറയപ്പെടുന്ന താജ്‌ഹോട്ടല്‍ 2016ല്‍ മാത്രമാണ് തുറന്നതെന്നും, അത് തന്നെ കേസ് സത്യസന്ധമല്ലെന്ന് തെളിയിക്കാനുള്ള കാരണമാണെന്നും രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

പരാതി ഫയല്‍ ചെയ്യുന്നതിനായി 12 വര്‍ഷത്തെ കാലതാമസം ഉണ്ടായെന്നും എന്തുകൊണ്ടാണ് വൈകിയതെന്നതിന് വ്യക്തമായ കാരണം പോലും പറയാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭുലിംഗ് നവദ്ഗി ആണ് രജ്ത്തിന് വേണ്ടി ഹാജരായത്. 2012ല്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച്‌ രഞ്ജിത്ത് എന്ന സംവിധായകന്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.

താജ്‌ഹോട്ടലിന്റെ നാലാം നിലയിലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരന്റെ മൊഴി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377, സ്വകാര്യത ലംഘിക്കുന്നതിനുള്ള ഐടി ആക്‌ട് എന്നിവ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.

Related News