'ഞാൻ മരിക്കുന്നു... കാരണം സൂര്യവംശി ടീച്ചര്‍' അധ്യാപകൻ ശകാരിച്ചതിന് 10ാം ക്ലാസുകാരൻ ജീവനൊടുക്കി, അധ്യാപകന് മര്‍ദ്ദനം

  • 02/07/2025

മഹാരാഷ്ട്രയിലെ അമരാവതിയില്‍ അധ്യാപകൻ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 10-ാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ജയ് ബജ്‌രംഗ് വിദ്യാലയത്തിലെ വിദ്യാർത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ കഴിയാതിരുന്നതിനെ തുടർന്ന് വിവേകിനെ അധ്യാപകൻ വഴക്ക് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സഹപാഠികളും പരിഹസിച്ചു. അധ്യാപകൻ ദേഷ്യപ്പെടുകയും വിവേകിന്റെ മാതാപിതാക്കളോട് പരാതി പറയുമെന്നും താക്കീത് ചെയ്തുവെന്ന് എൻഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. 'നീ പഠിക്കുന്നില്ലെന്ന് ഞാൻ മാതാപിതാക്കളോട് പറയും," എന്ന് അധ്യാപകൻ പറഞ്ഞതായാണ് റിപ്പോർട്ട്. ഇതില്‍ അപമാനിതനായ വിവേക് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

"ഞാൻ തൂങ്ങിമരിക്കുന്നു... കാരണം സൂര്യവംശി ടീച്ചർ എന്നെ വഴക്കുപറഞ്ഞു, തന്റെ മാതാപിതാക്കളെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തു" എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വിവേക് കുറിച്ചത്. വിദ്യാർത്ഥിയുടെ മരണശേഷം, സംഘടിച്ചെത്തിയ നാട്ടുകാർ അധ്യാപകനെ മർദിച്ചു. അധ്യാപകൻ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Related News