'പോസ്റ്റല്‍ ബാലറ്റ് തിരുത്തി'; ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

  • 15/05/2025

പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം. ജി സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നടന്നത് ഗുരുതരമായ നിയമലംഘനമാണ്. കേസെടുത്ത് അന്വേഷണം നടത്താന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്.

1989ല്‍ കെ.വി. ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച്‌ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു. താന്‍ ആയിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സര്‍വീസ് സംഘടന അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും പ്രശ്‌നമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

Related News