വാടക തുക എത്രയും പെട്ടെന്ന് നല്‍കണം, പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; യോഗത്തില്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

  • 12/05/2025

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി. ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പ് നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന യോഗത്തിലാണ് നിർദേശം.

ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാടക മുടങ്ങിയെന്ന് ഇന്നലെ ആരോപണമുയർന്നിരുന്നു. ഈ മാസം ആറാം തീയതിക്ക് മുമ്ബ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും നല്‍കിയിട്ടില്ലെന്നും വാടക ലഭിക്കാത്തതിനാല്‍ വാടക വീടുകളില്‍ കഴിയുന്ന 547 കുടുംബങ്ങളാണ് പ്രതിസന്ധിയിലായതെന്നും റിപ്പോർട്ട്.

547 കുടുംബങ്ങളുടെ വാടകയാണ് മുടങ്ങിയത്. വാടക നല്‍കുന്ന സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ എട്ടു ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. വാടക നല്‍കാൻ ആവശ്യത്തിന് പണം ലഭ്യമാക്കണമെന്ന് കഴിഞ്ഞ 16 ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തലത്തില്‍ നടപടി ഉണ്ടായില്ല. ഇതിനിടെ ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഇനിയും പുറത്തിറങ്ങിയിട്ടില്ല. 452 പേരുടെ പട്ടികയാണ് ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളായി ജില്ലാ ഭരണകൂടം നല്‍കിയത്. 402 പേരുടെ പട്ടികക്ക് പുറമെ 50 പേരെ കൂടി ഉള്‍പ്പെടുത്തണമെന്ന ശുപാർശ ജില്ലാ ഭരണകൂടം സർക്കാരിന് നല്‍കി. ഡിഡിഎംഐ യോഗം ചേർന്ന് ജില്ലാ ഭരണകൂടം പട്ടിക സർക്കാരിന് കൈമാറിയിട്ടുണ്ട്. 

Related News