നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട് ഏഴ് ജില്ലകളില്‍

  • 11/05/2025

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയും കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതേസമയം തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം മെയ് 31നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ശക്തമാകാൻ സാധ്യതയുണ്ട്.

ഈ വർഷത്തെ കാലവർഷം മെയ്‌ 13 -ഓടെ തെക്കൻ ആൻഡമാൻ കടല്‍, തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടർന്നുള്ള 4, 5 ദിവസത്തിനുള്ളില്‍ തെക്കൻ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിൻ മേഖലയുടെ ചില ഭാഗങ്ങള്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News