'ലൈഫ് പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, നഗര നയ ഇടപെടല്‍' കേരളത്തിലെ തദ്ദേശ വകുപ്പ് രാജ്യത്തിന് തന്നെ മാതൃകയെന്ന് മന്ത്രി

  • 17/02/2025

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകള്‍ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വരാജ് ട്രോഫി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു നടത്തിയ വാ‍ര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളില്‍ വകുപ്പ് നേടിയ നേട്ടങ്ങള്‍ മന്ത്രി വിശദീകരിച്ചു.

അതിദരിദ്രർ ഇല്ലാത്ത കേരളം ലക്ഷ്യമിട്ട സർക്കാരിന് സംസ്ഥാനത്തെ 46,197 കുടുംബങ്ങളെ ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവ കണ്ടെത്തി ഭാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. 1160 കോടി രൂപ ഇക്കുറി വകയിരുത്തിയ ലൈഫ് പദ്ധതിയില്‍ നിലവില്‍ 4,29,425 വീടുകള്‍ പൂർത്തിയാക്കി ആറര ലക്ഷം വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുകയാണ്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി നീങ്ങുന്ന സർക്കാരിന് 2023മാർച്ച്‌ മുതല്‍ 2024 നവംബർ വരെയുള്ള കാലയളവില്‍ വാതില്‍പ്പടി ശേഖരണം 47 ശതമാനത്തില്‍ നിന്നും 90 ശതമാനം ആയി വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞു. യൂസർഫീ ശേഖരണം, ഹരിത കർമ്മ സേന അംഗങ്ങളുടെ എണ്ണം, മിനി എം സി എഫുകള്‍, എംസി എഫുകള്‍ എന്നിവയുടെ എണ്ണത്തിലും വർദ്ധന ഉണ്ടായി. ബ്രഹ്മപുരം ഉള്‍പ്പെടെ പത്തോളം മാലിന്യ കൂമ്ബാരങ്ങള്‍ ഈ വർഷത്തോടെ പൂർണ്ണമായും നീക്കം ചെയ്യും.

പ്രാദേശിക ഭരണ നിർവ്വഹണം കടലാസ് രഹിതമാക്കി ഓണ്‍ലൈനാക്കാൻ കൊണ്ടുവന്ന കെ സ്മാർട്ട് പദ്ധതി നിലവില്‍ എല്ലാ കോർപ്പറേഷൻ നഗരസഭകളിലും മികച്ച രീതിയില്‍ പ്രവർത്തനം നടത്തി വരുന്നു. അത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വ്യാപിപ്പിക്കും. നിലവില്‍ 27.92 ലക്ഷം ഫയലുകള്‍ വന്നതില്‍ 20.74 ലക്ഷത്തില്‍ അധികം ഫയലുകളും തീർപ്പാക്കാൻ കെ സ്മാർട്ട് വഴി കഴിഞ്ഞു. എല്ലാവർക്കും ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യവുമായി പഞ്ചായത്ത് നീങ്ങുകയാണ്. വൈകാതെ രാജ്യത്തെ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി കേരളത്തെ മാറ്റിയുള്ള പ്രഖ്യാപനം ഉണ്ടാകും.

Related News