കൊറോണയെ നിസ്സാരമായി കാണരുത്, വലിയ പ്രത്യാഘാതം ഉണ്ടാകും; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടർ

  • 12/04/2021



ന്യൂ ഡെൽഹി: ജനങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് രാജ്യത്ത് കൊറോണ രണ്ടാം തരംഗത്തിന് കാരണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ രോഗവ്യാപന നിരക്ക് ഉയരും. ഇത് രാജ്യത്തെ ആരോഗ്യമേഖലയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ നടപടികൾ കർശനമാക്കാൻ അധികാരികളോട് എയിംസ് ഡയറക്ടർ അഭ്യർത്ഥിച്ചു. ഫെബ്രുവരിയിൽ രാജ്യത്ത് കൊറോണ കേസുകൾ കുറയാൻ തുടങ്ങിയിരുന്നു. തുടർന്ന് വൈറസ് ഇനി ശല്യം ഉണ്ടാക്കില്ല എന്ന ധാരണയിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനം വീഴ്ച വരുത്തി തുടങ്ങി. ജനങ്ങൾ രോഗത്തെ നിസാരവത്കരിച്ച്‌ കാണാൻ തുടങ്ങി. പുറത്തിറങ്ങിയാൽ മാൾ, ചന്ത ഉൾപ്പെടെ എല്ലായിടത്തും ജനം തടിച്ചുകൂടിയിരിക്കുന്നത് കാണാം. ഇതാണ് സൂപ്പർ സ്‌പ്രൈഡിന് കാരണമായതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നേരത്തെ ഒരു കൊറോണ രോഗിക്ക് സമ്പർക്കപ്പട്ടികയിലുള്ള 30 ശതമാനം ആളുകളെ മാത്രമേ രോഗബാധിതരാക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇത്തവണ വലിയ തോതിൽ ആളുകളിലേക്ക് രോഗം പകരുന്നതായാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പകർച്ചവ്യാധി നിരക്ക് കൂടുതലാണ്. വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ മാരകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ സാർസ് കൊറോണ വൈറസ് രണ്ടിന് പുറമേ ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസുകളും ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം അതിവേഗ വൈറസുകളാണ്. മാനവരാശി സങ്കീർണമായ ഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാനും കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അശ്രദ്ധ തുടർന്നാൽ ഇതുവരെ നമ്മൾ നേടിയ നേട്ടങ്ങൾ നഷ്ടപ്പെട്ടു എന്നുവരാം. രോഗവ്യാപന നിരക്ക് കൂടിയാൽ ആരോഗ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം. അതുകൊണ്ട് രോഗം വരില്ല എന്ന് കരുതരുത്. രോഗം ഗുരുതരമാക്കുന്നത് തടയാൻ വാക്‌സിന് സാധിക്കുമെന്നും എയിംസ് ഡയറക്ടർ വ്യക്തമാക്കി.

Related News