ഇസ്‌ലാമോഫോബിയ നിരീക്ഷിക്കാൻ യുഎൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കുവൈത്ത്

  • 08/11/2025



കുവൈത്ത് സിറ്റി: ഇസ്‌ലാമോഫോബിയ നിരീക്ഷിക്കുന്നതിനും മുസ്‌ലിംങ്ങൾക്കെതിരായ വിദ്വേഷ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയുള്ള യുഎൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. എല്ലാത്തരം വിവേചനങ്ങളും വിദ്വേഷവും ചെറുക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർമാർ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സാമൂഹിക, മാനുഷിക, സാംസ്കാരിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന യുഎൻ പൊതുസഭയുടെ മൂന്നാം കമ്മിറ്റിക്ക് മുൻപാകെ ന്യൂയോർക്കിലെ യുഎന്നിലെ കുവൈത്തിൻ്റെ സ്ഥിരം മിഷനിലെ ഡിപ്ലോമാറ്റിക് അറ്റാഷെ അബീർ അൽ-മുസൈൻ വ്യാഴാഴ്ച വൈകുന്നേരം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 

"വംശീയ വിവേചനത്തിൻ്റെ എല്ലാ രൂപങ്ങളും ഇല്ലാതാക്കൽ" എന്ന വിഷയത്തിലുള്ള ചർച്ചയ്ക്കിടെയായിരുന്നു ഈ പ്രസ്താവന. മനുഷ്യൻ്റെ വൈവിധ്യം ഭിന്നിപ്പിൻ്റെയല്ല, ശക്തിയുടെ ഉറവിടമാണ് എന്നും, വ്യത്യാസങ്ങളെ ബഹുമാനിക്കുന്നത് സൗഹൃദവും സമാധാനവും കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ് എന്നും കുവൈത്ത് വിശ്വസിക്കുന്നുവെന്ന് അൽ-മുസൈൻ വ്യക്തമാക്കി. സഹിഷ്ണുതയുടെയും നീതിയുടെയും മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, 170-ൽ അധികം ദേശീയതകളുള്ള ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന ഒരു മാനുഷിക ഘടനയാണ് കുവൈത്തിലുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

Related News