കൊറോണ വ്യാപനം ശക്തമാകുന്നു; 18 വയസ് കഴിഞ്ഞവർക്കെല്ലാം വാക്‌സിൻ നൽകണം: പ്രതിരോധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രിയോട് ഐ എം എ

  • 06/04/2021

ന്യൂ‌ ഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചെറു സ്വകാര്യ ക്ലിനിക്കുകളിലും കൂടുതൽ സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് കൊറോണ സർട്ടിഫിക്കേ‌റ്റ് നിർബന്ധമാക്കണമെന്നും 18 വയസ് കഴിഞ്ഞവർക്ക് വാക്‌സിനേഷൻ ഏർപ്പെടുത്തണമെന്നും ഐ.എം.എ പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യയിൽ 90,000ലേറെയാണ് പ്രതിദിന കൊറോണ രോഗികൾ. തിങ്കളാഴ്‌ച രേഖപ്പെടുത്തിയത് 1,03,558 പുതിയ കേസുകളാണ്. കൊറോണ രണ്ടാം തരംഗം ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച്‌ വലിയ ഉയരങ്ങളിലെത്തുകയാണെന്ന് ഐ.എം.എയുടെ കത്തിൽ സൂചിപ്പിക്കുന്നു. ജനങ്ങളുടെ രോഗപ്രതിരോധ ശേഷി ഉയർത്തി കൊറോണ കേസുകൾ നിയന്ത്രിക്കാൻ വാക്‌സിനേഷനിലൂടെ സാധിക്കും.

ചെറിയ കാലയളവിലുള‌ള ലോക്‌ഡൗണുകൾ ഏർപ്പെടുത്തുന്നത് രോഗവ്യാപനത്തിന്റെ ശൃംഖല തകർക്കാൻ ഉചിതമാകുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളായ സിനിമാശാലകൾ, സാംസ്‌കാരിക, മത സ്ഥാപനങ്ങൾ, സ്‌പോർട്‌സ് സംരംഭങ്ങൾ ഇങ്ങനെ ജനം ഒത്തുകൂടുന്നയിടങ്ങളെല്ലാം ലോക്‌ഡൗൺ ചെയ്യണം. വാക്‌സിനേഷൻ നടപടികൾ ശക്തമാക്കണമെന്നും ഐ.എം.എ സർക്കാരിനോട് ആവശ്യപ്പെട്ടു.

Related News