കെ എം ഷാജിക്കെതിരെ സ്പീക്കറുടെ ഓഫീസ് ഇല്ലാത്ത അധികാരം പ്രയോഗിച്ചു. റദ്ദ്ചെയ്യണം- മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി

  • 21/04/2020

തിരുവനന്തപുരം: നിയമസഭാംഗം കെ എം ഷാജിക്കെതിരെ സ്പീക്കറുടെ ഓഫീസ് ഇല്ലാത്ത അധികാരം പ്രയോഗിച്ചത് റദ്ദ്ചെയ്യണം എന്നാവശ്യപ്പെട്ട് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി സ്പീക്കർക്ക് കത്തയച്ചു. കത്തിൻറെ പൂർണ്ണരൂപം ചുവടെ
To
ശ്രീ. ശ്രീരാമകൃഷ്ണൻ,
സ്പീക്കർ,
കേരള നിയമസഭ

ബഹു: സ്പീക്കർ,
നിയമസഭാംഗം ശ്രീ കെ എം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുവാദം നൽകിയത് വിശദ പരിശോധനയ്ക്ക് ശേഷമെന്ന് നിയമസഭാ സെക്രട്ടറിയേറ്റിന്റെതായ ഒരു വിശദീകരണം ഇന്നത്തെ പത്രങ്ങളിൽ കാണുകയുണ്ടായി.

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായും മൂന്നു തവണ നിയമസഭാംഗമായും സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി ബന്ധപ്പെടാൻ അവസരം ലഭിച്ച പൊതുപ്രവർത്തകൻ എന്ന നിലയിലാണ് ഞാൻ അങ്ങേക്ക് ഈ കത്ത് എഴുതുന്നത്. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ സെക്രട്ടറി ശുപാർശ ചെയ്തതായാണ് ഞാൻ മനസിലാക്കുന്നത്. സഭയ്ക്കും സ്പീക്കർക്കും ഉള്ള പ്രത്യേക അവകാശങ്ങൾ നമ്മുടെ നിയമസഭാ ചട്ടങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ലെ അഴിമതി നിരോധന ഭേദഗതി നിയമത്തിലെ 17 ആം വകുപ്പിലെ ഉപവകുപ്പിൽ "പൊതു പ്രവർത്തകനെ പിരിച്ചു വിടാൻ അവകാശമുള്ള അതോറിറ്റിക്ക് മാത്രമേ അന്വേഷണത്തിന് അനുവാദം നൽകാൻ അധികാരമുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്". (17A (¡) No police officer shall conduct any enquiry or inquiry or investigation in to any offence alleged to have been committed by a public servent under this act.
(c) In the case of any other person, of the authority competent to remove him from his office, at the time when the offence was alleged to have been committed.)

ഒരു നിയമസഭാംഗത്തെ പിരിച്ചുവിടാൻ സ്പീക്കർക്ക് അധികാരമുണ്ടോ? ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമസഭയുടെ ചട്ടങ്ങളും കീഴ് വഴക്കങ്ങളും പാലിക്കാതെയാണ് ഇത്തരത്തിൽ നിയമസഭാ സെക്രട്ടറി അങ്ങേക്ക് ശുപാർശ ചെയ്തത് എന്ന് ഞാൻ സംശയിക്കുന്നു. 2018 ലെ അഴിമതി നിരോധന ഭേദഗതി നിയമത്തിൽ MLA ക്കെതിരെ പോലീസ് അന്വേഷണത്തിന് സ്പീക്കറുടെ അനുവാദം വേണമെന്ന് ഒരു ഭാഗത്തും രേഖപ്പെടുത്തിയിട്ടില്ല. പൊതുപ്രവർത്തകനെ പിരിച്ചുവിടാൻ അധികാരമുള്ള അതോറിറ്റിക്ക് മാത്രമേ അനുവാദം നൽകാൻ കഴിയൂ എന്ന ഭേദഗതി നിലവിൽവന്നതിന് ശേഷമാണ് ഈ ശുപാർശനൽകിയിരിക്കുന്നത്. നിയമസഭയ്ക്ക് ഒരു എത്തിക്സ് കമ്മിറ്റിയുണ്ട്. അതിൽ ചർച്ച ചെയ്യാതെയും പരാതിക്ക് വിധേയനായ അംഗത്തിന്റെ ഭാഗം കേൾക്കാതെയുമാണ് ഇല്ലാത്ത അധികാരം പ്രയോഗിച്ച് അന്വേഷണത്തിന് അനുവാദം നൽകിയിരിക്കുന്നത്. ആയതിനാൽ നിയമസഭാ സെക്രട്ടറിയേറ്റിന്റെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരായ താങ്കളുടെ നടപടി റദ്ദ്ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

Related News