കോൺഗ്രസിൽ പ്രതിസന്ധി അവസാനിക്കുന്നില്ല; പട്ടാമ്പിയിൽ മത്സരിക്കാനില്ലെന്ന്​ ആര്യാടൻ ഷൗക്കത്ത്

  • 15/03/2021

തിരുവനന്തപുരം: പട്ടാമ്പി മണ്ഡലത്തിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയാകാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ്​ വിവരം. കോൺഗ്രസ് മത്സരിക്കുന്ന 92ൽ 86 സീറ്റുകളിലെ സ്ഥാനാർഥികളെ ഞായറാഴ്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. തർക്കം നിലനിന്ന കൽപറ്റ, നിലമ്പൂർ, വട്ടിയൂർകാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഉടൻ ​പ്രഖ്യാപിക്കുമെന്നാണ്​ അദ്ദേഹം അറിയിച്ചത്​.

പി.സി. വിഷ്ണുനാഥ് വട്ടിയൂർകാവിലും ടി. സിദ്ദീഖ് കൽപറ്റയിലും ആര്യാടൻ ഷൗക്കത്ത് പട്ടാമ്ബിയിലും റിയാസ് മുക്കോളി തവനൂരിലും വി.വി. പ്രകാശ് നിലമ്ബൂരിലും കല്ലട രമേശ് കുണ്ടറയിലും മത്സരിക്കുമെന്നായിരുന്നു ഏകദേശ ധാരണ.
പക്ഷെ, പട്ടാമ്ബിയിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്നാണ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻറെ മകനും നിലമ്ബൂർ നഗരസഭ മുൻ ചെയർമാനുമായ ആര്യാടൻ ഷൗക്കത്തിൻറെ നിലപാട്​. നേരത്തെ പട്ടാമ്ബി സീറ്റിനായി മുസ്‍ലിം ലീഗ് പ്രവർത്തകർ അവകാശവാദം ഉന്നയിച്ചിരുന്നു. പട്ടാമ്ബി വേണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് നിലപാടെടുത്തതോടെ നിലമ്ബൂരിലെ സ്ഥാനാർഥി നിർണയവും പ്രതിസന്ധിയിലായി.

Related News