കുവൈത്തിലെ ടൂറിസം മേഖലയിലേക്കുള്ള വലിയ ചുവടുവെപ്പ്: ‘വിസിറ്റ് കുവൈറ്റ്’ പ്ലാറ്റ്ഫോം ഔദ്യോഗികമായി ആരംഭിച്ചു

  • 01/11/2025


കുവൈറ്റ് സിറ്റി: രാജ്യത്തെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടൂറിസ്റ്റ് വിസകൾ ലഭ്യമാക്കുന്നതിനും, സാംസ്കാരിക-കലാ-വിനോദ പരിപാടികൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ പരിശോധിക്കാനും ‘വിസിറ്റ് കുവൈറ്റ്’ പ്ലാറ്റ്ഫോം ഔദ്യോഗികമായി ഇന്ന് ശനിയാഴ്ച പ്രവർത്തനം ആരംഭിച്ചതായി, വിവര-സംസ്‌കാരം വകുപ്പ് മന്ത്രി കൂടിയായ യുവജനകാര്യ സംസ്ഥാന മന്ത്രി അബ്ദുൽറഹ്മാൻ ബദ്ദാഹ് അൽ-മുത്തൈരി അറിയിച്ചു.

ഈ പ്ലാറ്റ്ഫോം, കുവൈത്തിലെ വിവിധ ഇവന്റുകളുടെ തീയതി, വേദി എന്നിവയുടെ വിവരങ്ങൾ ഒരു സമഗ്രമായ ഇന്ററാക്ടീവ് ഇന്റർഫേസിലൂടെ സന്ദർശകർക്ക് ലഭ്യമാക്കുന്ന ഏകീകൃത ദേശീയ പോർട്ടലാണെന്ന് മന്ത്രി പ്രതികരിച്ചു.

സ്മാർട്ട് ഇന്ററാക്ടീവ് മാപ്പ്, പ്രത്യേക ഓഫറുകൾ, യാത്രാ പരിപാടികൾ തയ്യാറാക്കാനുള്ള സൗകര്യം, തത്സമയ അറിയിപ്പ് സംവിധാനം, അറബിക്-ഇംഗ്ലീഷ് ഭാഷാ പിന്തുണ തുടങ്ങിയ സൗകര്യങ്ങളിലൂടെ ഡിജിറ്റൽ ടൂറിസം ആശയവിനിമയ രംഗത്ത് ഗുണപരമായ മാറ്റമാണ് പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വിഷൻ 2035 ലക്ഷ്യമാക്കുന്ന സാമ്പത്തിക വൈവിധ്യവത്കരണത്തിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്ലാറ്റ്ഫോത്തിന്റെ ആരംഭം. കുവൈത്തെ പ്രമുഖ വിനോദ-സാംസ്കാരിക കേന്ദ്രമായി ഉയർത്തിക്കാട്ടാനുള്ള വിവര മന്ത്രാലയത്തിന്റെ തന്ത്രപരമായ ദർശനത്തിന്റെ സാക്ഷാൽക്കരണവുമാണിത്.

രാജ്യത്ത് ഏതു വിധത്തിലുള്ള ഇവന്റുകൾ (ടൂറിസം, കലാ, സാംസ്‌കാരിക, വിനോദം) സംഘടിപ്പിക്കാൻ ആവശ്യമായ ലൈസൻസുകൾ പ്രാദേശിക-അന്തർദേശീയ കമ്പനികൾക്ക് നൽകുന്ന ഏക ഔദ്യോഗിക പോർട്ടൽ കൂടിയാണ് ‘വിസിറ്റ് കുവൈറ്റ്’. ഇവന്റ്‌സെക്ടറിന്റെ ക്രമീകരണത്തിനും സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിനും ഈ പ്ലാറ്റ്ഫോം ശക്തമായ ഉപകരണമാകും എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related News