ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശ്രീതു റിമാന്‍ഡില്‍

  • 27/09/2025

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസിൽ അമ്മ ശ്രീതുവിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ശ്രീതു. കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് അമ്മയുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീതുവിന്റെ സഹോദരന്റെ മൊഴിയാണ് നിര്‍ണായകമായത്.


ജനുവരി 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കുഞ്ഞിനെ കാണാനില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് കണ്ടെത്തിയിരുന്നു.

ശ്രീതുവും ഹരികുമാറും തമ്മിലുള്ള ബന്ധത്തിന് കുഞ്ഞ് തടസമായതിനാൽ കുഞ്ഞിനെ ഒഴുവാക്കുന്നതിന് കിണറ്റില്‍ എറിഞ്ഞു എന്നാണ് കേസില്‍ പൊലീസിന്റെ കണ്ടെത്തല്‍. ഇതിന് തെളിവായി ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഹരികുമാറിന് മാത്രമല്ല ശ്രീതുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് ശ്രീതുവിനെ ഇന്നലെ പൊലീസ് പൊള്ളാച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Related News