നദികള്‍ കരകവിയുന്നു, വെള്ളക്കെട്ട് രൂക്ഷം; മഴക്കെടുതിയില്‍ വലഞ്ഞ് കേരളം, നാല് മരണം

  • 26/07/2025

കേരളത്തില്‍ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതികളില്‍ സംസ്ഥാനത്ത് ഇന്നലെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതം മരിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റില്‍ വീട് തകര്‍ന്ന് കണ്ണൂരില്‍ വയോധികന്‍ മരിച്ചു. കണ്ണൂര്‍ കോളയാട് പെരുവ തെറ്റുമ്മല്‍ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്.

പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മീന്‍പിടിത്ത ബോട്ടുമറിഞ്ഞാണ് ജില്ലയിലെ രണ്ടാമത്തെ മരണം സംഭവിച്ചത്. കന്യാകുമാരി പുത്തുംതുറയിലെ സലോമോന്‍ ലോപ്പസ് എലീസ് (63) ആണ് മരിച്ചത്. ഇടുക്കിയില്‍ ഉടുമ്ബന്‍ചോല കല്ലുപാലത്ത് മരം വീണ് തമിഴ്‌നാട് തമ്മനായക്കന്‍പട്ടി സ്വദേശി ലീലാവതി (58) മരിച്ചു. ലോറിക്കുമുകളില്‍ മണ്ണിടിഞ്ഞു വീണാണ് ഡ്രൈവര്‍ മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേഷന്‍ (56) മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനുസമീപം ആയിരുന്നു അപകടം.

Related News