റോഡുകളില്‍ കുഴികള്‍ നിറഞ്ഞ് അപകടങ്ങളും മരണങ്ങളും വര്‍ധിക്കുമ്ബോഴും ബന്ധപ്പെട്ട എൻജിനിയർമാർ നിഷ്ക്രിയത്വം പാലിക്കുന്നതില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എൻജിനിയർമാർക്ക് എന്തിനാണ് ശമ്ബളം നല്‍കുന്നതെന്ന് കോടതി ചോദിച്ചു.
റോഡുകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്ബോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം. ഇനിയും ഇത്തരം അപകടങ്ങളുണ്ടായാല്‍ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.
തൃശൂരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് ബൈക്ക് യാത്രികർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനമുണ്ടായത്. അനാഥരാകുന്ന കുടുംബങ്ങളുടെ കണ്ണീരാണ് കോടതിയെ ഇതൊക്കെ പറയാൻ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഈ വിഷമങ്ങള്‍ കാണാനോ, ബന്ധപ്പെട്ടവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനോ അധികൃതർ തയാറാകുന്നില്ല. മിക്ക റോഡുകളിലും കുഴികളുണ്ട്. അപകടങ്ങള്‍ പതിയിരിപ്പുണ്ട്. എന്നാല്, ഇത് പരിഹരിക്കാൻ ചുമതലയുള്ള എൻജിനീയർമാരെ കാണാനേയില്ല. ഇത്തരം എൻജിനിയർമാർക്ക് എന്തിനാണ് ശമ്ബളം നല്‍കുന്നതെന്നും കോടതി വാക്കാല്‍ ചോദിച്ചു.
തൃശൂരിലെ രണ്ടാമത്തെ അപകടം കുഴി കാരണമല്ലെന്നും ഓവർടേക്കിംഗിനിടെ തെന്നിയതാണെന്നും സർക്കാർ വിശദീകരിച്ചു. എന്നാല്‍, ആദ്യസംഭവത്തില്‍പ്പോലും തുടർനടപടിയുണ്ടായില്ലെന്ന് കോടതി പറഞ്ഞു. ചൊവ്വാഴ്ച ഹരജി പരിഗണിക്കുമ്ബോള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?