സംസ്ഥാനത്ത് വ്യാപകനാശം വിതച്ച്‌ കനത്ത കാറ്റും മഴയും; രണ്ട് മരണം

  • 26/07/2025

സംസ്ഥാനത്ത് നാശം വിതച്ച്‌ കനത്ത മഴയും കാറ്റും തുടരുന്നു. മഴക്കെടുതിയില്‍ രണ്ടുപേർ മരിച്ചു. കണ്ണൂർ കണ്ണവത്ത് വീടിന് മുകളില്‍ മരം വീണ് ഗൃഹനാഥനും ഇടുക്കി ഉടുമ്ബൻചോലയില്‍ മരം വീണ് തോട്ടം തൊഴിലാളിയുമാണ് മരിച്ചത്. കോഴിക്കോടും തൃശൂരും മിന്നല്‍ചുഴലിയില്‍ വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീടുകള്‍ തകർന്നു. കോഴിക്കോട് കട്ടിപ്പാറയില്‍ മണ്ണിടിച്ചിലുണ്ടായി.

പെരുവ സ്വദേശി ചന്ദ്രനാണ് കണ്ണൂർ കണ്ണവത്ത് വീടിനു മുകളില്‍ മരം വീണ് മരിച്ചത്. തോട്ടം തൊഴിലാളിയായ തമിഴ്നാട് തേനി സ്വദേശി ലീലാവതിയാണ് ഉടുമ്ബൻചോലയില്‍ മരം വീണ് മരിച്ചത്. തൃശൂർ ഇരിങ്ങാലക്കുട പടിയൂരില്‍ മിന്നല്‍ ചുഴലിയില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി.

കോഴിക്കോട് കല്ലാച്ചിയില്‍ തെരുവൻ പറമ്ബ് നാദാപുരം പഞ്ചായത്ത് നാലാം വാർഡില്‍ വീശിയ മിന്നല്‍ ചുഴലിയില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്തെ വൈദ്യുത ബന്ധവും തകരാറിലായി. കോഴിക്കോട് കട്ടിപ്പാറ മണ്ണാത്തിയേറ്റ് മലയില്‍ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തെ 17 വീടുകളിലുള്ളവരോട് മാറി താമസിക്കാൻ നിർദേശം നല്‍കി.

Related News