കുവൈത്തിൽ ഫ്ലാറ്റുകളിൽ സംയുക്ത സുരക്ഷാ പരിശോധന, നിരവധി പ്രവാസികൾ അറസ്റ്റിൽ

  • 25/07/2025


കുവൈറ്റ് സിറ്റി : ഖൈത്താനിലെ അപ്പാർട്മെന്റുകളിൽ നടന്ന നിയമ ലംഘനങ്ങളെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ അനവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി. കുവൈത്തിന്റെ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫോർ, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് അൽ ദവാസ്, മറ്റ് വിവിധ സർക്കാർ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഈ പരിശോധനയിൽ പങ്കെടുത്തു. 

ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ, കുവൈത്ത് ഫയർ ഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി, പരിസ്ഥിതി പൊതുമേധാവിത്വം, വൈദ്യുതി, ജല, പുതുക്കാവുന്ന ഊർജ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടപടികൾ നടപ്പാക്കിയത്. 
പരിശോധനയുടെ പ്രധാന ലക്ഷ്യം പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന, പരിസ്ഥിതിയെയും വാസസ്ഥലങ്ങളുടെ നിയമപരമായ ഘടനയെയും ബാധിക്കുന്ന ലംഘനങ്ങളെ തടയുകയായിരുന്നു. അനധികൃതമായ വ്യാപാര പ്രവർത്തനങ്ങളിലേക്ക് ഫ്ലാറ്റുകൾ പരിവർത്തനം ചെയ്യൽ, വ്യവസ്ഥകൾക്ക് വിരുദ്ധമായി ഫ്ലാറ്റുകൾ വിഭജിക്കൽ, തകരാറിലായ കെട്ടിടങ്ങൾ ഉപയോഗിക്കൽ തുടങ്ങിയവയാണ് പ്രധാനമായി കണ്ടെത്തിയ ലംഘനങ്ങൾ. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതോടൊപ്പം, നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും അവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. ലംഘനങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉത്തരവാദികളായവർക്ക് എതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Related News