വിഎസിനെ കാണാൻ കനത്ത മഴ അവഗണിച്ചും അണമുറിയാത്ത ജനപ്രവാഹം

  • 22/07/2025

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 10 മണിക്കൂർ പിന്നിടുമ്ബോഴാണ് 44 കിലമീറ്റര്‍ മാത്രം പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത്. പാരിപ്പള്ളിയിലടക്കം കനത്ത മഴയിലും മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികില്‍ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്.

മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ പകുതി ദൂരം പോലും വിലാപ യാത്ര പിന്നിട്ടിട്ടില്ല. ഇനി കൊല്ലം ജില്ലയില്‍ ഒമ്ബത് കേന്ദ്രങ്ങളിലാണ് പൊതുദര്‍ശനത്തിന് അവസരമൊരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിലാപയാത്രയുടെ വേഗം കൂട്ടിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും അന്തിമോപചാരമർപ്പിക്കാൻ സൗകര്യമുണ്ടാവില്ല. ഇനിയും നൂറോളം കിലോമീറ്റര്‍ വിലാപയാത്ര സഞ്ചരിക്കേണ്ടതുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളില്‍ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിൻ്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയ പിണറായി താമസസ്ഥലത്തേക്ക് തിരിച്ചു. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിലാപ യാത്ര വൈകുന്ന സാഹചര്യത്തില്‍ പാർട്ടി നേതാക്കളും പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News