ആലപ്പുഴയില്‍ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി

  • 22/07/2025

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ നാളെ അവധി. ജില്ലയിലെ സർക്കാർ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നാളെ വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് വി എസ് അച്യുതാനന്ദന്റെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ പൊതുദർശനം പൂർത്തിയാക്കി രാത്രിയോടെ വി എസിന്റെ ഭൗതികദേഹം ആലപ്പുഴ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

പിഎസ്‍സി നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവില്‍ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്ബർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവില്‍- പട്ടിക വർഗ്ഗക്കാർക്കു മാത്രം - കാറ്റഗറി നമ്ബർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്ബർ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്.

Related News