സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

  • 21/07/2025

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി സംയുക്ത സമിതി ഭാരവാഹികള്‍ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്. ചർച്ചയില്‍ വിദ്യാർഥികളുടെ യാത്ര നിരക്ക് വർധനവ് സംബന്ധിച്ച്‌ ഈ മാസം 29ന് വിദ്യാർഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു.

വിദ്യാർഥികളുടെ കണ്‍സഷൻ കാര്യത്തില്‍ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍ വരുന്ന തരത്തില്‍ തീരുമാനം ഉണ്ടാക്കി തരാമെന്നും തീരുമാനമായി.

ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുല്‍ദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്,കെ. ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയില്‍ പങ്കെടുത്തു.

Related News