വിതുര ആശുപത്രിയില്‍ ആംബുലൻസ് തടഞ്ഞ സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • 20/07/2025

വിതുര ആശുപത്രിയില്‍ ആംബുലൻസ് തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. മെഡിക്കല്‍ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. ഹോസ്പിറ്റല്‍ ആക്‌ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

അന്യായമായി സംഘം ചേരുക, ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷിയാണ് കേസില്‍ ഒന്നാം പ്രതി. രോഗിയെ ആംബുലൻസില്‍ കയറ്റാൻ സമ്മതിക്കാതെ പ്രതികള്‍ ബഹളംവെച്ചു, സീരിയസ് ആണെന്ന് പറഞ്ഞിട്ടും രോഗിയെ കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

വിതുര സ്വദേശി ബിനുവിന്റെ മരണത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ചായിരുന്നു ബിനുവിന്റെ മരണം.വിഷം കഴിച്ചനിലയിലാണ് ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചെന്നാണ് ആരോപണം.

Related News