ഇരട്ട ന്യൂനമര്‍ദ്ദം; ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ തീവ്രമഴ, ഓറഞ്ച് ജാഗ്രത

  • 14/07/2025

ഇരട്ട ന്യുനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സജീവമായി. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നേരത്തെ ഇന്ന് ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച്‌ ഇന്ന് ( തിങ്കളാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച എവിടെയും തീവ്രമഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിവിധ ജില്ലകൡ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്.

Related News