4 മാസം, 4 സിനിമാ താരങ്ങള്‍ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു, ഫോണില്‍ വിളിച്ച്‌ വിവരം തേടി പൊലീസ്

  • 12/07/2025

കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളില്‍ പൊലീസിനും ഞെട്ടല്‍. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ ഫോണില്‍ വിളിച്ച്‌ പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഒരു സംവിധായകനെയും പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം.

സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിൻസിയെ വിളിച്ചതെന്നാണ് താരങ്ങള്‍ പൊലീസിന് മറുപടി നല്‍കിയത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. റിൻസിയെ നാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.

സിനിമാ മേഖലയിലെ പ്രമുഖർക്ക് റിൻസി ലഹരിയെത്തിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിൻസി ഇടപാട് നടത്തിയവരുടെ ലിസ്റ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാട്ട്സാപ്പ് ചാറ്റുകളില്‍ വൻതോതില്‍ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകളും പൊലീസിന് കിട്ടി. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിൻസി ലഹരിക്കച്ചവടത്തിനായി തന്‍റെ ബന്ധങ്ങള്‍ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. നിലവില്‍ റിമാന്‍ഡിലാണ് റിന്‍സി.

Related News