ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ രാജിവയ്ക്കൂ: തരൂരിനെതിരെ മുരളീധരന്‍; പുരയ്ക്കു ചാഞ്ഞാല്‍ വെട്ടണമെന്ന് കെസി ജോസഫ്

  • 11/07/2025

ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തരൂര്‍ പിണറായി വിജയനേയും നരേന്ദ്രമോദിയേയും സ്തുതിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ ഒഴികെ എല്ലാവരെയും അദ്ദേഹം സ്തുതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അദ്ദേഹത്തിനേ അറിയൂ. ശശി തരൂരിന് മുന്നില്‍ രണ്ടു വഴികളുണ്ട്. ഒന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക എന്നതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച പാര്‍ലമെന്ററി സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. ആ നിലയ്ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്‌ മുന്നോട്ടു നീങ്ങുക. അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് അഭിപ്രായം പറയാവുന്നതാണ്. പാര്‍ലമെന്റ് ചേരുന്ന സമയത്ത് രാവിലെ എംപിമാരുടെ യോഗം ചേരാറുണ്ട്. എല്ലാ അഭിപ്രായങ്ങളും എപ്പോഴും സ്വീകരിച്ചുകൊള്ളണമെന്നില്ല. കെ മുരളീധരന്‍ വ്യക്തമാക്കി.

അതല്ല, അദ്ദേഹത്തിന് പാര്‍ട്ടിക്കകത്ത് ശ്വാസം മുട്ടുന്നു, ഈ പാര്‍ട്ടിയ്ക്കകത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് തരൂരിന് തോന്നുന്നുണ്ടെങ്കില്‍ പിന്നെയുള്ള മാര്‍ഗം, പാര്‍ട്ടി ഏല്‍പ്പിച്ച സ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ച്‌ ഇഷ്ടമുള്ള രാഷ്ട്രീയ ലൈന്‍ സ്വീകരിക്കുക. ഈ രണ്ടിലൊന്നല്ലാതെ, ഇപ്പോഴത്തെ മാര്‍ഗവുമായി അദ്ദേഹം മുന്നോട്ടു നീങ്ങിയാല്‍ അതു പേഴ്‌സണലായിട്ടുതന്നെ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയെ ബാധിക്കുന്ന വിഷയമാണ്. അത് പാര്‍ട്ടിക്കും ബുദ്ധിമുട്ടാണ്, അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഈ രണ്ടിലൊരു മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തരൂരിനോട് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

Related News