കോഴിക്കോട് കടപ്പുറത്തുവച്ച്‌ ഒരാളെ കൂടി കൊന്നിട്ടുണ്ട്; പൊലീസിനെ കുഴക്കി മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് പ്രത്യേക ടീം

  • 05/07/2025

പതിനാലാം വയസില്‍ കൂടരഞ്ഞിയില്‍ ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കി. സാമ്ബത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയില്‍ കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്‍. മുഹമ്മദലിയുടെ മൊഴിയനുസരിച്ച്‌ പൊലീസ് നടത്തിയ പരിശോധനയില്‍ ഇക്കാലയളവില്‍ ഒരാള്‍ മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മകന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാവാം മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് സഹോദരന്‍ പൗലോസ് പറഞ്ഞു.

മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്‍ അന്വേഷണം തുടങ്ങി. 1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനില്‍ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്ബാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തില്‍കൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.

Related News