മകളുടെ രാത്രിയാത്രയെച്ചൊല്ലി തര്‍ക്കം, പിടിവലിക്കിടെ കഴുത്തുഞെരിച്ചു കൊന്നു; അച്ഛൻ അറസ്റ്റില്‍

  • 02/07/2025

മകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് മാരാരിക്കുളത്തെ യുവതിയുടെ കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) പൊലീസ് അറസ്റ്റ് ചെയ്തു. എയ്ഞ്ചല്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടില്‍ തർക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരില്‍ ചിലർ ഫ്രാൻസിസിനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലും കയ്യാങ്കളിയിലുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തു ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കുകയായിരുന്നു. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയന്നുപോയ കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു. പുലർച്ചെ മകളെ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നു പറഞ്ഞ് വീട്ടുകാർ കരഞ്ഞതോടെയാണ് സമീപവാസികള്‍ വിവരം അറിയുന്നത്. കേസില്‍ ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും പ്രതി ചേർത്തേക്കും. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്നിഷ്യനായ എയ്ഞ്ചല്‍ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

Related News