ഓണത്തിന് കേരളത്തിനു പ്രത്യേക അരി ഇല്ലെന്ന് കേന്ദ്രം; സംസ്ഥാനം കൈവിടില്ലെന്ന് മന്ത്രി ജിആര്‍ അനില്‍

  • 01/07/2025

ഓണത്തിന് കേരളത്തിനു പ്രത്യേക അരി വിഹിതം നല്‍കാനാകില്ലെന്നു കേന്ദ്ര സർക്കാർ അറിയിച്ചുവെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആർ അനില്‍. കേന്ദ്ര സഹായമില്ലെങ്കിലും കേരളത്തെ കൈവിടില്ലെന്നു മന്ത്രി വ്യക്തമാക്കി. ഓണ വിപണിയില്‍ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടല്‍ നടത്തും. സംസ്ഥാനത്തു തിരിച്ചെത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും ഡല്‍ഹിയിലുള്ള മന്ത്രി വ്യക്തമാക്കി.

കാർഡ് ഒന്നിന് 5 കിലോ അരി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോടു ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്നു വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നാണു കേന്ദ്രം മറുപടി നല്‍കിയതെന്നും മന്ത്രി. നിർത്തിവച്ച ഗോതമ്ബ് നല്‍കില്ല. മണ്ണെണ്ണ വിഹിതം രണ്ട് വർഷമായി ലഭിക്കുന്നില്ല. കരാറുകാർ പിൻമാറിയതിനാല്‍ വിതരണത്തില്‍ തടസം നേരിട്ടു. ഒടുവില്‍ പ്രശ്നം കേരള സർക്കാർ പരിഹരിച്ചു.വിട്ടുകിട്ടാനുള്ള മണ്ണെണ്ണ ഉടൻ വിട്ടുനല്‍കുമെന്നു ഇന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂണ്‍ 30 വരെയായിരുന്നു. ഇത് സെപ്റ്റംബർ 30 വരെ നീട്ടണമെന്നു കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

Related News