കെജ്രിവാളിനും ഇഡിക്കും നിര്‍ണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

  • 08/05/2024

മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയില്‍ വെള്ളിയാഴ്ച (മെയ് 10) ഉത്തരവുണ്ടാകും. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക.

മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയില്‍ ഹ‍ർജി നല്‍കിയിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഹർജി പരിഗണിച്ച സുപ്രീം കോടതി, ജാമ്യം നല്‍കിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കാൻ കഴിയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയിരുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടിയത്.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ദില്ലിയില്‍ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. 5 തവണ ഇഡിക്ക് മറുപടി നല്‍കി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

Related News