മണ്‍സൂണ്‍ മഴ: 'ഇത്തവണ സാധാരണയില്‍ കൂടുതലെന്ന് പ്രവചനം', മുന്നൊരുക്കത്തിന് സജ്ജമാകാൻ എറണാകുളം കളക്ടറുടെ നിര്‍ദേശം

  • 04/05/2024

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവലോകനം ചെയ്ത് എറണാകുളം കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്. കേന്ദ്ര കലാവസ്ഥാ വകുപ്പ് ലഭ്യമാക്കിയിട്ടുള്ള ദീര്‍ഘകാല പ്രവചനം അനുസരിച്ച്‌ മണ്‍സൂണ്‍ മഴ രാജ്യത്താകമാനം സാധാരണയില്‍ കൂടുതല്‍ (106% + 5%) ആവാനുള്ള സാധ്യതയാണുള്ളതെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സികളുടെ കൂട്ടായ്മയായ സൗത്ത് ഏഷ്യന്‍ സീസണല്‍ ക്ലൈമറ്റ് ഔട്ട്ലുക്ക് ഫോറം കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍ കാലവര്‍ഷ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

'മഴക്കാലത്ത് കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കണം. തോട്ടം മേഖലയിലുള്‍പ്പടെ വെള്ളക്കെട്ട് ഒഴിവാക്കാനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നടപടി സ്വീകരിക്കണം ഓടകള്‍, കനാലുകള്‍, തോടുകള്‍ എന്നിവ സമയബന്ധിതമായി ശുചിയാക്കണമെന്നും കളക്ടര്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. 'ആക്രി കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ ആക്രി സാധനങ്ങള്‍ ഷീറ്റ് ഉപയോഗിച്ച്‌ മൂടാന്‍ നിര്‍ദേശിക്കണം. ഇത്തരം സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരും. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കണം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം.' മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ നടത്തുകയും മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ല എന്നത് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

Related News