വിമര്‍ശനം കടുത്തു; ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ

  • 30/04/2024

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യരണ്ട് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.വോട്ടിങ് ശതമാനം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആദ്യ ഘട്ടത്തില്‍ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ 88 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ഇതിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തു വിട്ടിരിക്കുന്നത്.


പോളിങ് സംബന്ധിച്ച്‌ ഏകദേശ കണക്കുകള്‍ മാത്രമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നടക്കം ലഭിച്ചിരുന്നത്. ഇതില്‍ വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിപക്ഷത്ത് നിന്നടക്കം ഉയർന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി വലിയ രീതിയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നായിരുന്നു വിഷയത്തില്‍ ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ കൃത്രിമത്വം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു.

ആദ്യ ഘട്ടത്തില്‍ 66.2 ശതമാനമാണ് പുരുഷന്മാരുടെ വോട്ട്, സ്ത്രീ വോട്ടർമാരുടെ എണ്ണം 66.07 ശതമാനവും. 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ നാല് ശതമാനത്തോളം കുറവ് ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമുണ്ട്.

Related News