കുവൈറ്റിലെ ഐബിപിസിയുടെ 24-ാം വാർഷികാഘോഷം അവാർഡ് നിശയും. ബിസിനസ് & പ്രൊഫഷണൽ രംഗത്തെ മികവിന് ഉയർന്ന അംഗീകാരം

  • 16/11/2025



കുവൈറ്റിലെ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ തങ്ങളുടെ 24-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ ബിസിനസ് നേതാക്കളും വ്യവസായികളും നയതന്ത്രജ്ഞരും പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി മുഖ്യാതിഥിയായി പങ്കെടുത്തു.

ഐ.ബി.പി.സി. സെക്രട്ടറി കെ.പി. സുരേഷ് സ്വാഗതം ആശംസിച്ചു. സംരംഭകരെ ശാക്തീകരിക്കുന്നതിനും കുവൈറ്റിൻ്റെ സാമ്പത്തിക വളർച്ചയിൽ അവരുടെ പങ്ക് ആഘോഷിക്കുന്നതിനും ഐ.ബി.പി.സി. പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില് വാണിജ്യ മന്ത്രി എച്ച്.ഇ. ഖലീഫ അബ്ദുള്ള അൽ-അജിലിനു വേണ്ടി അന്താരാഷ്ട്ര ബന്ധ വകുപ്പ് ഡയറക്ടർ അബ്ദുള്ള അൽഹെർസ് ആശംസകൾ നേർന്നു. ഐ.ബി.പി.സി. ചെയർമാൻ കൈസർ ഷാക്കിർ, വൈസ് ചെയർമാൻ ഗൗരവ് ഒബ്‌റോയ്, ജോയിൻ്റ് സെക്രട്ടറി സുനിത് അറോറ, ട്രഷറർ കൃഷൺ സൂര്യകാന്ത് എന്നിവർ ദീപം തെളിയിച്ച് ചടങ്ങിന് തുടക്കമിട്ടു. 

ഐ.ബി.പി.സി. ചെയർമാൻ കൈസർ ഷാക്കിർ സിൽവർ ജൂബിലി വർഷാരംഭം പ്രഖ്യാപിക്കുകയും, ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തിപ്പെടുത്താൻ 25 പുതിയ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു.

ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ഐ.ബി.പി.സി.യുടെ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ സംഘടനയുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ആഗോള ഐ.ടി. ഭീമനായ എച്ച്.സി.എൽ. ടെക് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര വിശിഷ്ടാതിഥിയായി. അവർ ഇന്ത്യയുടെ ഐ.ടി. മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും സംസാരിച്ചു. 

ബിസിനസ് രംഗത്തും സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച 10 പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ഫൗദ് എം.ടി. അൽഗാനം, കെ.ഐ.പി.സി.ഒ.യുടെ സണ്ണി ഭാട്ടിയ, പ്രമുഖ കുവൈറ്റി ബിസിനസ് വനിത ലൈല അബ്ദുള്ള അൽഗാനം എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കുവൈറ്റ് കാൻസർ കൺട്രോൾ സെൻ്ററിലെ ഓങ്കോളജിസ്റ്റ് ഡോ. സുശോവന എസ്. നായർ, ദി ടൈംസ് കുവൈറ്റ് എഡിറ്റർ റീവൻ ഡിസൂസ, മാനുഷിക നേതാവ് ഷെയ്ഖ ഇന്തിസാർ അൽ സബാഹ് എന്നിവരും പുരസ്കാരം നേടി.

കുവൈറ്റി പൈതൃക സംരക്ഷകൻ ഫഹദ് അൽ അബ്ദുൽജലീൽ, അൽ ഹക്കീമി സൂപ്പർമാർക്കറ്റ് സ്ഥാപകൻ സോയാബ് ഹുസൈൻ ബദ്രി തുടങ്ങിയവരും ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകൾക്ക് ആദരിക്കപ്പെട്ടു.

ബിസിനസ് രംഗത്തെ മികവ്, ജീവകാരുണ്യം, ആരോഗ്യം, മാധ്യമം, ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 10 പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

ഐ.ബി.പി.സി. ജോയിൻ്റ് സെക്രട്ടറി സുനിത് അറോറ നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യൻ എംബസ്സിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐ.ബി.പി.സി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും കണ്ണിയായി തുടർന്നും പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Related News