സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി

  • 21/05/2025

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചു. 

പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുന്നത് നല്ലതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച്‌ ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ റഫര്‍ ചെയ്യുന്ന നടപടിയുണ്ട്. ഇതു ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

Related News