'നാടിനു നന്ദി, പ്രിയ ജനതയ്ക്ക് അഭിവാദ്യങ്ങള്‍'; നാലാം വാര്‍ഷികം കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും

  • 20/05/2025

ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റാന്‍ സാധിച്ചെന്ന അഭിമാനത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയുമാണ് സര്‍ക്കാരിന്റെ വാര്‍ഷികത്തെ എതിരേല്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച്‌ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച്‌ മധുരം പങ്കുവച്ചു. മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, പി രാജീവ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ബി ഗണേഷ്‌കുമാര്‍, റോഷി അഗസ്റ്റിന്‍ എന്നിവരും പങ്കെടുത്തു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാലു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും എന്നത് കണക്കിലെടുക്കുമ്ബോള്‍ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും നവയുഗം പത്താമത്തെ വര്‍ഷത്തിലേയ്ക്ക് കടക്കുകയാണെന്ന് പറയാം. അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയ വികസനപദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയും വീടും ഭൂമിയും ഭക്ഷണവും ആരോഗ്യവും ഉള്‍പ്പെടെ ജനജീവിതത്തിന്റെ ഓരോ തലത്തിലും ക്ഷേമം ഉറപ്പുവരുത്തിയുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related News