ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച്‌ കൊന്ന കേസില്‍ ഇന്ന് വിധി

  • 05/05/2025

കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ ആണ് കേസിലെ പ്രതി.

വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന്‍ കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തും ദൃശ്യങ്ങളില്‍ വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. പ്രതി ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രിയരഞ്ജനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Related News